Saturday, October 30, 2010

ശാന്തി തീരത്തിലെ അശാന്തത

അപ്പൂപ്പന്* താടി പോലെ അലഞ്ഞു തിരിഞ്ഞു ഒടുവില്* ചെന്നെത്തിയത് ആശ്രമ കവാടത്തിലാണു. ശരീരം മാത്രമേ അപ്പൂപ്പന്* തടി പോലുള്ളൂ, മനസ്സ് വല്ലാതെ കനത്തിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്* സന്തോഷം തേടിയുള്ള യാത്രയില്* ചെയ്തു കൂട്ടിയതത്രയും നോക്കി കൊഞ്ഞനം കുത്തുന്നു. ഒരു പക്ഷെ ഇതാവാം കുറ്റബോധം, അല്ലെങ്കില്* ഇതാവാം വിരക്തി. കടും നിറങ്ങളോടും ലഹരിയോടും ഒന്നിനോടും തന്നെ ഇപ്പോള്* താല്പര്യം തോന്നുന്നില്ല. ഒരിക്കല്* പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന വസ്തുക്കള്*ക്കോ ആളുകള്*ക്കോ ഒന്നും സന്തോഷമോ സമാധാനമോ പ്രദാനം ചെയ്യാനാവാത്ത അവസ്ഥ. ജീവിതത്തില്* ഒന്നും മുന്*കൂട്ടി തീരുമാനിച്ചിരുന്നില്ല. കാലത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള പ്രയാണമായിരുന്നു ഇത് വരെ. ഒരു പക്ഷെ ഇനിയുള്ള ജീവിതം ഇവിടെയായിരിക്കാം. "ദൈവത്തിനറിയാം" തീരെ ഓര്മിക്കാത്ത ഒന്നായിരുന്നു ദൈവം. ഉല്ലാസ യാത്രകള്* പോകുമ്പോള്* കൌതുകത്തിന് പോലും ക്ഷേത്രങ്ങളില്* കയറിയിരുന്നില്ല. ചെരുപ്പഴിക്കേണ്ടി വരും എന്നതായിരുന്നു കാരണം. ശരീരബോധത്തോടൊപ്പം പാദുകങ്ങളും എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. വരികള്*ക്കിടയില്* ചേര്*ക്കുവാനുള്ള അര്*ദ്ധവിരാമാമോ ആശ്ച്ചര്യചിഹ്നമോ പോലെയേ ഉണ്ടായിരുന്നുള്ളൂ ദൈവം. "സതീശന്റെ ഭാര്യ ആതമഹത്യ ചെയ്തതല്ലെന്ന്, സതീശന്* തന്നെ വിഷം കൊടുത്തതാണത്രേ " തുടങ്ങിയ കഴമ്പില്ലാത്ത സംഭാഷങ്ങളിലേക്ക് പങ്കു ചേരുവാന്* ഉപയോഗിച്ചിരുന്നു. "ദൈവമേ നേരാണോ ?" "ഈശ് വരാ വിസ്വസിക്കുവാനാകുന്നില്ല " തുടങ്ങിയ പ്രയോഗങ്ങള്*.


ഇപ്പോഴിതാ ഞാനറിയാതെ തന്നെ ഒരു ആശ്രമ കവാടത്തില്* എത്തിയിരിക്കുന്നു, ഒരു പക്ഷെ ഇതാവാം
ഈശ് വര നിശ്ചയം. മുന്നോട്ടു വച്ച കാല്* പിന്നോട്റെടുക്കുവാന്* തോന്നിയില്ല. പതുക്കെ ചരല് വിരിച്ച മുറ്റത്ത്‌ കൂടെ നടന്നപ്പോള്* ഓര്*ത്തു, വര്*ഷങ്ങള്*ക്കു മുന്*പ് - ഒരുപാടൊരുപാട് വര്*ഷങ്ങള്*ക്കു മുന്*പ് ഇതിലൂടെ നടന്നിട്ടുണ്ട് . മുത്തശിയുടെ കൂടെ. അന്നിവിടെ നല്ല വെളുത്ത മണലാണ്* വിരിച്ചിരുന്നത്.


പതുക്കെ നടന്നു പുഴയോരത്തുള്ള ഒരു സിമെന്റ് ബെഞ്ചില്* ഇരുന്നു. അരമുക്കാല്* മണിക്കൂര്*
ആയപ്പോഴേക്കും മനസ്സിന് ഒരയവ് വന്നു. പക്ഷെ സന്ധ്യയായി എന്നറിയിക്കാനെന്ന പോലെ കൊതുകുകള്*.എഴുന്നേറ്റു തിരിച്ചു പോകാമെന്ന് കരുതി നടക്കുമ്പോഴാണു മുന്നില്* വാച്ച്മാന്* കുശലപ്രശ്നവുമായി. സാധാരണ ഗതിയില്* ഒഴിവാക്കിയേനെ. പക്ഷെ ഇത് , ഇനി മേല്* സ്ഥിരമായി വരേണ്ടത് കൊണ്ടോ എന്തോ മറുപടി പറയാമെന്നു കരുതി. കൃഷ്ണന്* കുട്ടി, അതാണയാളുടെ പേര്, വീട് തുറവൂര്, മൂന്നു മക്കള്*, മൂത്തത് പയ്യന്* . താഴെ രണ്ടും പെണ്*കുട്ടികള്*. ഒന്നും ചോദിച്ചില്ല. എല്ലാം വരിവരിയായി അയാള്* പറഞ്ഞു കൊണ്ടേയിരുന്നു. ശ്രദ്ധിക്കുന്നുണ്ടെന്ന ഭാവത്തില്* ഇരുന്നു കൊടുത്തു. അങ്ങനെ ഇരിക്കുവാന്* വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. കാരണം അയാള്*ക്ക്* ഒരു ശ്രോതാവിനെയായിരുന്നു ആവശ്യം. തിരിച്ചെന്തെങ്കിലും ചോദിച്ചിരുന്നെങ്കില്* ഒരു പക്ഷെ ഞാന്* മിണ്ടാതെ എഴുന്നേറ്റു നടന്നേനെ. പക്ഷെ അതുണ്ടായില്ല.


ക്രമേണെ സംസാരം ആശ്രമ കാര്യങ്ങളിലേക്ക് കടന്നു. അല്പം താല്പര്യം തോന്നി. "ഓഹോ", "അതെയോ", "അങ്ങനെയാണോ" എന്നൊക്കെയുള്ള പ്രതികരണങ്ങള്* അയാളുടെ താല്പര്യം വര്ധിപ്പിചെന്നു തോന്നുന്നു. അയാള്* പറഞ്ഞു 'വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാ സാറേ ഈ വൃത്തിക്കെട്ടവന്മാരുടെ അടുത്ത് ജോലി ചെയ്യുന്നത്' "ഈ വൃത്തികെട്ടവന്മാര്*' ആരാണെന്ന് എനിക്ക് മനസ്സിലായില്ല. അയാള്* തുടര്*ന്നു. "എല്ലാം കള്ളന്മാരാനെന്നെ, ചെറ്റകള്*". അപ്പോഴും എനിക്ക് വ്യക്തമായിരുന്നില്ല. "ഇന്നാള്* ഒരുത്തന്* ചത്തില്ലേ, സ്വാമി ദയാനന്ദ, പോസ്റ്റ്* മോര്*ട്ടം ചെയ്യുമ്പോള്* ഞാനും കൂടെയുണ്ടായിരുന്നു. ഉള്ളില്* മുഴുവന്* നെയ്യായിരുന്നു സാറേ, പാളി പാളിയായി നല്ല കട്ടിയുള്ള നെയ്യ് . അണ്ടിപ്പരിപ്പ്* മാത്രേ തിന്നുവോള്ളായിരുന്നു സാറേ. മെയ്യനങ്ങാതെ ഇങ്ങനെ സുഖിച്ച് ജീവിച്ചാ പിന്നെ നെയ്യ്* മുറ്റി ചാവില്ലേ".


അത് വരെ മനസ്സിനുണ്ടായിരുന്ന അയവ് നഷ്ടപ്പെട്ടു. കൃഷ്ണന്*കുട്ടിയുടെ നേരെ നോക്കാതെ ഇറങ്ങി നടന്നു, ഇനിയൊരിക്കലും ഇങ്ങോട്ടില്ലെന്നു മനസ്സിലോരപ്പിച്ചു കൊണ്ട്.

Wednesday, April 29, 2009

ജന്മദിനം

നവംബര്‍ ഒന്ന് : കാലത്ത് എഴുന്നേറ്റ ഉടനെ പല്ല് പോലും തേക്കാതെ രാംകിക്ക് [രാമകൃഷ്ണന്‍] ഫോണ്‍ ചെയ്തു “Happy birthday” പറഞ്ഞു. അത്ര ഉത്സാഹമില്ലാത്ത സ്വരത്തില്‍ അവന്‍ നന്ദിയും പറഞ്ഞു. പൊതുവേ ഉന്മേഷരഹിതന്‍ ആയതു കൊണ്ട് ഞാനത് അത്ര കാര്യമായി എടുത്തില്ല. ഞങ്ങളുടെ ഓഫീസിലെ ഏറ്റവും inactive ആയ വ്യക്തി ആണ് രാംകി. കുളിച്ചു തയ്യാറായി വന്നപ്പോഴേക്കും calling bell മുഴങ്ങി. അതാരാണെന്നു എനിക്ക് വ്യക്തമായി അറിയാം, മൃദുല. എന്നും ഞാന്‍ ready ആകുന്നതിനു മുന്‍പേ വന്നു നില്‍ക്കും, എന്റെ സഹപ്രവര്‍ത്തകയും ഓഫീസില്‍ എന്നെ ചേച്ചി എന്ന് വിളിക്കുകയും ചെയ്യുന്ന ഒരേ ഒരാള്‍. ബാക്കി എല്ലാവരും, എന്നെക്കാള്‍ മൂത്തവര്‍ അടക്കം എല്ലാവരും 'ആന്റി' എന്നാണു വിളിക്കാറ്. മൃദുലയോട് ഞാന്‍ പറഞ്ഞു " നീല്‍ഗിരീസില്‍ പോയി കേക്ക് വാങ്ങണം, ഇന്ന് നമ്മുടെ രാംകിയുടെ പിറന്നാളാണ്. " എന്നെ നോക്കി ഒരു പരിഹാസചിരിയോടെ പറഞ്ഞു "ചേച്ചി നാളെയാണ് അവന്റെ birthday.”


ഒരു പക്ഷെ എനിക്ക് തെറ്റിയതാകും, പക്ഷെ ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു അവന്റെ കഴിഞ്ഞ പിറന്നാള്‍. കേരള പിറവി ആയതു കൊണ്ട് വളരെ കഷ്ടപ്പെട്ടാണ്‌ സെറ്റ് മുണ്ടുടുത്ത് കേക്കുമായി ഓഫീസില്‍ എത്തിയത്.[എന്റെ സെറ്റ് മുണ്ടുകള്‍ക്ക് ജീവിതം കിട്ടുന്നത് ആകെ വര്‍ഷത്തില്‍ രണ്ടു ദിവസമാണ്‌ - ചിങ്ങം ഒന്നിനും (അത് മിക്കവാറും മറക്കും ) നവംബര്‍ ഒന്നിനും ] തന്നെയുമല്ല അവന്റെ പിറന്നാള്‍ കൃത്യമായി ഓര്‍മിച്ചത്‌ തന്നെ അത് കേരള പിറവി ദിനത്തില്‍ ആയതു കൊണ്ടാണ്. ഓഫീസിലെ എല്ലാവരുടെയും പിറന്നാള്‍ മൃദുല മൊബൈലില്‍ സേവ് ചെയ്തിട്ടുണ്ട്, അവളതു എടുത്തു കാണിച്ചു. Recently എല്ലാവരോടും ചോദിച്ചു update ചെയ്തതാണെന്നും പറഞ്ഞു, അത് കൊണ്ട് തര്‍ക്കിക്കാന്‍ പോയില്ല. പക്ഷെ എനിക്ക് ഉറപ്പാണ്, ഒരിക്കല്‍ ഒരു ഒഫീഷ്യല്‍ പാര്‍ട്ടിയില്‍ അവന്‍ മദ്യപിച്ചു പുലമ്പിയത് "കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കില്‍ എന്റെ പിറന്നാള്‍ ആരും ഓര്‍ക്കാറില്ല ആന്റി " [അവനു ഒരു ഗ്ലാസ്‌ ബിയര്‍ കൊടുത്താല്‍ മതി - പുലമ്പിക്കോളും]

ആ ഒരൊറ്റ വാചകമാണ് അവന്റെ പിറന്നാള്‍ കൃത്യമായി ഓര്‍ത്തു വച്ച് കേക്ക് വാങ്ങി പോകാനുള്ള കാരണവും. തര്‍ക്കിക്കുവാന്‍ താത്പര്യം ഇല്ലെങ്കിലും അവനെ വിളിച്ചു വിഷ് ചെയ്തപ്പോള്‍ അല്ലെങ്കില്‍ അവന്‍ പറയില്ലായിരുന്നോ എന്നൊരു ചോദ്യം ചോദിക്കുവാതിരിക്കാന്‍ സാധിച്ചില്ല. അവനെ പറ്റി പറഞ്ഞാലേ മൃദുലക്ക് irritation ആണ്. അവളുടെ കണ്ണില്‍ (ഓഫീസിലെ ഒരു മാതിരി എല്ലാവരുടെയും കണ്ണിലും ) അവന്‍ സൈക്കോ ആണ്. അവനെ കുറച്ചു അടുത്ത് അറിയാവുന്നത് കൊണ്ട് എനിക്കങ്ങനെ തോന്നാറില്ല. ഒന്നൊന്നര മാസം മുന്‍പ് ഞങ്ങളുടെ സീനിയര്‍ മാനേജര്‍ എന്നോട് ചോദിച്ചു " രാംകിക്ക് ഒരല്പം വട്ടില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു - അതവന്‍ തന്നെ clear ചെയ്തു തന്നു. കഴിഞ്ഞ ദിവസം അവന്‍ വന്നു പറയുകയാണ്‌ " സര്‍ അന്ന് വണ്ടി മറിഞ്ഞപ്പോള്‍ എനിക്ക് തലക്ക് ചെറുതായി അടിയേറ്റിരുന്നു, ഇപ്പോള്‍ മരുന്ന് കഴിക്കുന്നുണ്ട്. ഉടനെ തന്നെ എനിക്ക് ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയും, ഇനി പഴയത് പോലുള്ള തെറ്റുകള്‍ വരാതെ ജോലി ചെയ്യാന്‍ കഴിയും' എന്ന് അവനോടു ഞാനെന്തു പറയാന്‍ ?" ഇതിനു ഞാന്‍ അങ്ങേരോട് മറുപടി ഒന്നും പറഞ്ഞില്ല - ഞാനാണ് അവനോടു ഒരു നല്ല സൈക്യാട്രിസ്ടിനെ consult ചെയ്യാന്‍ പറഞ്ഞത്. [അവന്റെ വീട്ടില്‍ നിന്നും എല്ലാവരും ചേര്‍ന്ന് തിരുപ്പതിക്ക് പോയിട്ട് വരുന്ന വഴിക്ക് വണ്ടി മറിഞ്ഞു. ആര്‍ക്കും സീരിയസ് പരിക്കുകള്‍ ഒന്നും ഇല്ലായിരുന്നു, എങ്കിലും ചെറിയ പോറലും മുറിവുകളും മറ്റും ഉണ്ടായിരുന്നു. രാംക്കിക്ക് ഒരു ചെറിയ പരിക്ക് പോലും ഇല്ല. അന്ന് മുതല്‍ ഇവനൊരു തല വേദന. Multi speciality ഹോസ്പിറ്റലില്‍ പോയി check up നടത്തിയിട്ടും തല വേദന കൂടെ കൂടെ വരുന്നു എന്ന് പറഞ്ഞപ്പോഴാണ് അവനോടു ഒരു മനോരോഗ വിഗഗ്ദ്ധനെ കാണാന്‍ പറഞ്ഞത്. ഡോക്ടര്‍ എന്ത് പറഞ്ഞോ എന്തോ, എന്തായാലും മരുന്ന് കഴിച്ചു തുടങ്ങിയതും അവന്റെ തലവേദന മാറി.]

രാംക്കിക്ക് പല തരത്തിലുള്ള complexകള്‍ ഉണ്ട് . ഏറ്റവും ഇളയ ചേട്ടനേക്കാള്‍ 12 വയസ്സിന്റെ ഇളപ്പം ഉണ്ട് അവനു. അത് കൊണ്ട് തന്നെ വീട്ടില്‍ എല്ലാവരും ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് ഇപ്പോഴും പെരുമാറുന്നത്. അവനു വേണ്ടതെല്ലാം വീട്ടില്‍ നിന്ന് വാങ്ങി കൊടുക്കും, വസ്ത്രങ്ങള്‍ അടക്കം. അത് തിരഞ്ഞെടുക്കുന്നതും വീട്ടിലുള്ള ആരെങ്കിലുമായിരിക്കും. ഇഷ്ടപ്പെട്ടതൊന്നും ഒരിക്കലും കിട്ടാറില്ല എന്നൊരു തോന്നല്‍ അവനു ശക്തമായി ഉണ്ട്. വീട്ടില്‍ അവന്‍ വളരെ സൈലന്റ് ആണെന്ന് അവന്റെ ഇളയ ചേട്ടത്തിയമ്മ ഒരിക്കല്‍ ഓഫീസില്‍ വന്നപ്പോള്‍ പറയുകയുണ്ടായി. "എന്താ രാംകി ഇങ്ങനെ, വീട്ടിലെങ്കിലും നന്നായി സംസാരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന് അവനെ തനിച്ചു കിട്ടിയപ്പോള്‍ പറഞ്ഞു. " ആന്റിക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല, ഞാന്‍ എന്ത് പറഞ്ഞാലും അവര്‍ക്ക് തമാശയാണ്, ഒരു ഡസന്‍ വര്‍ഷങ്ങളുടെ എക്സ്ട്രാ പക്വത അവര്‍ ആവശ്യപ്പെടുന്നതുപോലെ തോന്നുന്നു". ആ ഉത്തരം എന്നെ വല്ലാതെ വേദനിപ്പിച്ചു, പാവം തോന്നി!

ഇതിനിടക്ക്‌ ഓഫീസില്‍ ഒരു ഗുജറാത്തി പെണ്ണ് ജോയിന്‍ ചെയ്തു - chatter box - ദക്ഷ. ദക്ഷയും രാംകിയും വളരെ പെട്ടെന്ന് ഒരുപാട് അടുത്തത് പോലെ തോന്നി. ആ കുട്ടിയുടെ സ്വഭാവപ്രകൃതി കണ്ടപ്പോള്‍ അവള്‍ എല്ലാവരോട് പെട്ടെന്നടുക്കുന്ന ടൈപ്പ് ആയി തോന്നി. രാംകിയെ തനിച്ചു കിട്ടിയപ്പോള്‍ പറയുകയും ചെയ്തു. "വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട " - അവന്‍ പറഞ്ഞു "ആന്റിക്ക് അറിയാഞ്ഞിട്ടാണ്‌, ഞാനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല, അത്രക്കിഷ്ടാണ് എന്നോട്" എന്നാരു പറഞ്ഞു ? അവള്‍ നിന്നോട് പറഞ്ഞോ എന്ന് ചോദിച്ചതിനു നാണത്തില്‍ കലര്‍ന്ന ഒരുത്തരവും കിട്ടി " ഈ ആന്റിയുടെ ഒരു കാര്യം, ഇതൊക്കെ ആരെങ്കിലും പറയണോ ?"

അങ്ങനെയിരിക്കുമ്പോള്‍ ദക്ഷക്ക് കുറച്ചു കൂടെ നല്ല ജോലി കിട്ടി. അവള്‍ പോയി. സൊതവെ മെലിഞ്ഞ രാംകിയുടെ കണ്ണിനു താഴെ കറുപ്പ് കൂടി. അവനു ഉറക്കവും ഭക്ഷണവും ഒന്നും ശരിയാകുന്നില്ലെന്നു തോന്നി. ചോദിച്ചപ്പോള്‍ പറഞ്ഞു "ഒരു പറ്റ് പറ്റി ആന്റി, വീട്ടില്‍ കല്യാണാലോചന തുടങ്ങിയപ്പോള്‍ ഞാന്‍ ദക്ഷയുടെ കാര്യം പറഞ്ഞു". " എന്നിട്ട് ?" "എന്നിട്ടെന്താ, അവരെല്ലാവരും ആദ്യം ഇതൊന്നും ശരിയാവില്ല, രണ്ടു സംസ്കാരം, രണ്ടു രീതികള്‍ എന്നെല്ലാം പറഞ്ഞെങ്കിലും അവസാനം അവര്‍ സമ്മതിച്ചു" സന്തോഷം തോന്നി - ഇതെങ്കിലും അവന്റെ ഇഷ്ടത്തിന് നടക്കുമല്ലോ. "പിന്നെ എന്താ പ്രശ്നം ? " ഞാന്‍ ചോദിച്ചു "അവള്‍ സമ്മതിക്കുന്നില്ലാന്റി " "അവളോട്‌ ചോദിക്കാതെയാണോ നീ വീട്ടില്‍ പറഞ്ഞത് ?" എനിക്ക് വല്ലാതെ അതിശയം തോന്നി. "പറ്റിപ്പോയി, അവള്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ കരുതിയില്ല. ഇപ്പോള്‍ ആകെ പ്രശ്നമായി, വീട്ടില്‍ തിരക്കിട്ട് പെണ്ണ് അന്വേഷിക്കുന്നു "അവനോടു എന്ത് പറയാന്‍, വീട്ടില്‍ കുറച്ചു കൂടി സാവകാശം ചോദിക്കാന്‍ പറഞ്ഞു.

പെട്ടെന്ന് രാംകി രണ്ടു ദിവസം വന്നില്ല. ഫോണും പരിധിക്ക് പുറത്തു, അവന്റെ റൂം മേറ്റ്‌ പറഞ്ഞു പെണ്ണ് കാണാന്‍ പോയിരിക്കുകയാണെന്ന്. അടുത്ത തിങ്കളാഴ്ച കുഴിയിലാണ്ട കണ്ണുകളോടെ അവന്‍ വന്നു. കഴുത്തില്‍ മാല, കയ്യില്‍ മോതിരങ്ങള്‍ "എന്ത് പറ്റിയെടാ ?" എന്ന് ചോദിച്ചതിനു അവന്‍ പറഞ്ഞു "ഡിഗ്രിക്ക് economics എടുക്കാന്‍ പറഞ്ഞു എടുത്തു, ചെയ്യാന്‍ പറഞ്ഞു, ചെയ്തു, H.D.F.C യില്‍ മാര്‍ക്കറ്റിംഗ് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു, ചെയ്തു, രാജി വെച്ച് ഈ കമ്പനിയില്‍ ചേരാന്‍ പറഞ്ഞു ചേര്‍ന്നു". എനിക്കൊന്നും മനസ്സിലായില്ല. "പെണ്ണിനെ ഒക്കെ അവര്‍ നേരത്തെ കണ്ടിരുന്നു ആന്റി, അവിടെ ചെന്നു, മോതിരം ഇടാന്‍ പറഞ്ഞു , ഇട്ടു - ഇന്നലെ എന്റെ കല്യാണ നിശ്ചയം കഴിഞ്ഞു." എനിക്കാകെ വെപ്രാളമായി. ഇന്നത്തെ കാലത്ത് ചെറുക്കനെ കാണാതെ എന്തെങ്കിലും പെങ്കൊച്ച്‌ കല്യാണത്തിന് സമ്മതിക്കുമോടാ ?" ഓ! ഒരു പട്ടിക്കാട്. പെണ്ണ് ആണെങ്ങില്‍ 10th failed. അതിനെയും ചിലപ്പോള്‍ ഇങ്ങനെ പറ്റിച്ചതാകും." വല്ലാത്ത അസ്വസ്ഥത തോന്നി.

"ഹലോ, ഓഫീസ് എത്തി, ഇറങ്ങുന്നില്ലേ ?" മൃദുല ചോദിച്ചു. വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി,സെറ്റ് മുണ്ടിന്റെ തുമ്പ് എടുത്തു കുത്തി കേക്കും താങ്ങി പിടിച്ചു മുകളില്‍ ചെന്നു രാംകിയോടു ചോദിച്ചു "സത്യം പറ, ഇന്നല്ലേ നിന്റെ പിറന്നാള് ? എന്നെ പറ്റിക്കാന്‍ നോക്കണ്ട, ട്രീറ്റ്‌ വെക്കാന്‍ കാശില്ലെങ്കില്‍ നമുക്ക് അറേഞ്ച് ചെയ്യാം." അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു "എനിക്കറിയാം ആന്റി ആര് മറന്നാലും നിങ്ങള് മറക്കില്ലാന്നു - അവരെന്റെ പിറന്നാളും മാറ്റി."
ഞാനവനെ അന്തംവിട്ടു നോക്കി. "ജാതകം ചേരില്ലയിരുന്നു ആന്റി, ഏട്ടന്മാര്‍ അതങ്ങ് adjust ചെയ്തു!!"

Wednesday, March 11, 2009

ഹാര്‍ട്ട്‌ അറ്റാക്ക്‌

അയാളെ എന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചു കളയാന്‍ ശ്രമിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ അറ്റാക്ക്‌ വന്നത്.
എല്ലാവരും ചോദിച്ചു "22 വയസ്സില്‍ അറ്റാക്കോ ?" പിന്നെ അവര്‍ തന്നെ ഉത്തരവും കണ്ടെത്തി "ഇങ്ങനെ കുടിച്ചാല്‍, ഇങ്ങനെ വലിച്ചാല്‍ - പിന്നെ ഹൃദയം നിന്ന് പോകാതെ ?" ഡോക്ടര്‍ പറഞ്ഞു : "മദ്യപാനവും പുകവലിയും നിര്‍ത്തണം". അപ്പോള്‍ ഞാനൊരു ദൃഢപ്രതിജ്ഞ എടുത്തു - ഇനി അയാളെ എന്റെ ഹൃദയത്തില്‍ നിന്ന് എടുത്തു കളയുന്ന പ്രശ്നമേയില്ല, എന്നിട്ടെന്തായി ?? ഒന്നും ആയില്ല. ഇന്നും ഞാന്‍ പരിപൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു!

Sunday, March 8, 2009

ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി

സന്ധ്യക്ക്‌ പകലിനോടുള്ള ഇഷ്ടക്കുറവിന്റെ കാരണം ആദ്യം എനിക്കറിയില്ലായിരുന്നു, എന്നല്ല എനിക്ക് മനസ്സിലായിരുന്നില്ല. ഉണര്‍്നനാലവള്‍ കണി കണ്ടിരുന്നത്‌ ഘടികാരമായിരുന്നു. ഒരു പക്ഷെ ദിവസത്തില്‍ 'സമയം നോക്കുക' എന്നതായിരിക്കും അവള്‍ ഏറ്റവും കൂടുതല്‍ ചെയ്തിരുന്ന പ്രവൃത്തി. അവള്‍ക്കങ്ങനെ സമയത്തിന് തീര്‍ക്കുവാന്‍ തക്ക അത്യാവശ്യ ജോലികള്‍ ഒന്നും ഉള്ളതായി എനിക്കറിയില്ല. വിരസമായ നെടുവീര്‍പ്പുകളോടെ മറ്റുള്ളവരുടെ രസങ്ങളും അവള്‍ കൊന്നിരുന്നു.

ക്ലാസ്സില്‍ watch നോക്കി കണ്ണ് മിഴിച്ചു ഇരിക്കുന്നതിനു വഴക്കുകള്‍ ഏറെ കേട്ടിരിക്കുന്നു. സത്യത്തില്‍ ഇതെന്തൊരു ജന്മം എന്നാലോചിച്ചു പോയി. അല്ല ഇപ്പോഴും എനിക്കങ്ങു പിടി കിട്ടിയിട്ടില്ല. ആ മൌനം അത്ര വാചാലമായി തോന്നിയിട്ടുമില്ല. 'ചന്ദ്രികാചര്‍്ച്ചിത' രാത്രികളില്‍ പുറത്തേക്കു നോക്കുമ്പോള്‍ മാത്രമാണ് അവള്‍ ചിരിച്ചു കണ്ടിരിക്കുന്നത്, എന്താവും ആ മനസ്സില്‍ ?

അവളുടെ മുറിയിലേക്ക് എന്നെ മാറ്റിയപ്പോള്‍ അറിയാതെ വാര്‍ഡനെ പ്രാകിപ്പോയി. ആകെയുള്ള ജീവിതം ഒരു അവാര്‍ഡ് പടമാക്കാന്‍ എനിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. അവധി ദിവസങ്ങളില്‍ ആണെങ്കില്‍് അവളുടെ ശല്യം തീരെയില്ല. പകല്‍ മുഴുവനെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയുന്നോ എന്തോ ? ആരോടും മിണ്ടാതെ തന്റെ സാന്നിധ്യം പോലും അറിയിക്കാതെയുള്ള ഈ നടപ്പിലെന്തോ 'ഒരിത്' തോന്നിയത് സന്ധ്യയുടെ ഫയല്‍ ചെയ്ത കവിതകള്‍ കണ്ടപ്പോഴാണ്. എന്തെന്തു തലക്കെട്ടുകള്‍ - 'നിലാവിന്റെ കാമുകി' 'വെളിച്ചത്തിന്റെ ചീളുകള്‍' എന്തോ എനിക്കാകെ ഒരു ദിക്ക് മുട്ടിപോയ പ്രതീതി. അവളറിയാതെ എടുത്തു നോക്കിയതിനാല്‍ ചോദിക്കാനും വയ്യ.

അവധി ദിവസങ്ങളില്‍ വൈകുന്നേരം ആറു ആറര മണിക്കെങ്ങാനും ഉണര്‍ന്നിരിക്കും. അല്ലാത്ത ദിവസങ്ങളിലും ഏതാണ്ട് ഈ നേരം ആകുമ്പോഴേകും ജനലിന്നരുകില്‍ സ്ഥാനം പിടിക്കും. മൂന്നാമത്തെ നിലയില്‍ ആയതു കൊണ്ട് പുഴക്കരയില്‍ ഉള്ളവരെ തിരിച്ചറിയാന്‍ കൂടി വയ്യ. അല്ലെങ്കിലും മുകളിലേക്ക് നോക്കിയാല്‍ ആരെ കാണാന്‍ ? എന്തായാലും രഹസ്യം കണ്ടു പിടിക്കുക തന്നെ.

ഞാനും തുടങ്ങി നൈറ്റ് ഷിഫ്റ്റ്. ഇതെന്തൊരു മറിമായം. ആ പെണ്‍കുട്ടി തന്നെയാണോ ഇത്! വല്ലാതെ സംസാരിക്കുന്നു എന്നല്ല, അക്ഷരാര്‍ത്ഥത്തില്‍ എന്നെ ബോറടിപ്പിക്കുന്നു. ചന്ദ്രികാ വര്‍ണനയാണധികവും. ബാക്കി ശാസ്ത്രിയ വിശകലനങ്ങളും. അവിടെ കല്ലും മണ്ണും മാത്രമേ ഉള്ളെന്നു ആദ്യം കണ്ടു പിടിച്ചത് വയലാര്‍ രാമവര്‍്മ്മയാണത്രേ. അതിനു തെളിവായി ജാംബവാന്റെ കാലത്തെ ഒരു സിനിമ പാട്ടും പാടി. എന്താണെന്ന് എനിക്കൊരു പിടിയുമില്ല. ഓര്‍ക്കാന്‍ മാത്രം രസമുള്ള വരികളല്ല. അത് കൊണ്ടാവും, ഞാനത് മറന്നു പോയി. അത് കേട്ടുകൊണ്ടിരുന്നപ്പോള്‍് ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരും എന്നായിരുന്നു സത്യത്തിലെന്റെ മനസ്സില്‍.

ഈശ്വരാ... ഇതിപ്പോ വല്ലാത്ത കുരിശായല്ലോ. എന്നെയും രാത്രി ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇങ്ങനെ ഉറങ്ങാതെ രാത്രി മുഴുവന്‍ ആകാശത്തേക്ക് നോക്കിയിരുന്നാല്‍ മിക്കവാറും എനിക്കും പകരും ഇവളുടെ ഭ്രാന്ത്. ഇവളെ തഞ്ചത്തില്‍ ഡോക്ടര്‍ നമ്പൂതിരിയുടെ അടുത്തൊന്നു കൊണ്ട് പോയാലോ. അവള്‍ക്കു ആരാണാവോ സന്ധ്യ എന്ന് പേരിട്ടത്. സന്ധ്യ ആകുമ്പോഴാണ് പുറത്തേക്കു നോക്കല്‍ യജ്ഞം തുടങ്ങുന്നത്.

എന്നാലും ഡോക്ടറുടെ അടുത്തേക്ക് പോകാന്‍ മടിയൊന്നും കാണിക്കാതിരുന്നപ്പോള്‍ സത്യത്തില്‍ അതിശയം തോന്നി. തനിക്കു എന്തോ പന്തികേട്‌ ഉണ്ടെന്നു അപ്പോളവള്‍ക്കും തോന്നലുണ്ട്‌. അതെന്തായാലും നന്നായി.

പക്ഷെ ഡോക്ടറുടെ അഭിപ്രായത്തില്‍ കുഴപ്പമില്ലെന്ന് വന്നപ്പോള്‍ ... ഇനി എനിക്കാണോ കുഴപ്പം. ഒരു പ്രശ്നവും ഇല്ലാത്തവളെ ആശുപത്രിയില്‍ കൊണ്ടുചെന്നു എന്നാരോപിച്ച് വഴക്ക് കേട്ടത് ഞാനും. പിന്നീട് വഴിയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചിരുന്നു, 'ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടിയെ' പറ്റി. അവള്‍ക്കു കൊടുത്ത പേര് ഏതായാലും കൊള്ളാം, 'ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി' - ചന്ദ്രനെ മാത്രം സ്നേഹിച്ച പെണ്‍കുട്ടി എന്നായിരുന്നു അല്പം കൂടി ചേര്‍ച്ച. അതെന്താണാവോ സ്നേഹിച്ച പെണ്‍കുട്ടി ? അവള്‍ ഇപ്പോള്‍ സ്നേഹിക്കുന്നില്ലേ ? ആവോ എനിക്കതും പിടി കിട്ടുന്നില്ല. അല്ലെങ്കിലും അവളുടെ ഒരു കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നില്ലല്ലോ!!!

Tuesday, March 3, 2009

ആമുഖം

എന്തെങ്കിലും എഴുതണം എന്ന് പലപ്പോഴും തോന്നാറുണ്ട്, എങ്കിലും ചെയ്യാറില്ല. കാരണം പലതാണ്. മുഖ്യ കാരണം മടി തന്നെ, അതിന്റെ കാരണമാകട്ടെ ചിട്ടയില്ലാത്ത ജീവിതവും. കയ്യക്ഷരം പണ്ടേ നല്ലതല്ലായിരുന്നു, ഇപ്പോള്‍ വളരെ മോശമായിരിക്കുന്നു. മലയാളം തീരെ എഴുതാറില്ല എന്നത് തന്നെയാണ് കാരണം. ആകെ മലയാളം എഴുതിയിരുന്നത് ഓഫീസില്‍ ആണ്. Working hoursല്‍ പലവ്യഞ്ഞനങ്ങളുടെ ലിസ്റ്റ് തയ്യാര്‍ ആക്കുമ്പോഴും യാത്രകള്‍ ഉണ്ടെങ്കില്‍ അതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍, എടുത്തു വക്കേണ്ട വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയവയുടെ ലിസ്റ്റ് തയ്യാര്‍ ആക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ മലയാളത്തില്‍ എഴുതാറുണ്ടായിരുന്നു. ഇതിപ്പോള്‍ ഇവിടെയാകുമ്പോള്‍ പിന്നെ കയ്യക്ഷരത്തിന് പ്രസക്തി ഇല്ലല്ലോ!

ജീവിതത്തില്‍ ആദ്യമായി എഴുതിയത് (എഴുതേണ്ടി വന്നത്) Pre degree II yr പഠിക്കുമ്പോഴാണ്, ഉപന്യാസ മത്സരത്തില്‍, വിഷയം ഓര്‍മയില്ല. മാര്‍ തോമ കോളേജില്‍ പഠിക്കുമ്പോള്‍, അവിടെ ക്ലാസ് കട്ട് ചെയ്യുക എന്നത് നടക്കാത്ത കാര്യമാണ് - സത്യത്തില്‍ അവിടെ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും സ്വാതന്ത്ര്യം സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നു. അപ്പോഴാണ്‌ II nd ഗ്രൂപ്പിലെ അഞ്ചു അനേന്‍ ജോസഫ് ഒരു ഐഡിയ തന്നത്. (ഞങ്ങള്‍ ഹിന്ദി combined ക്ലാസ്സുകളില്‍ ഒന്നിച്ചായിരുന്നു, ഞാന്‍ forth group ആയിരുന്നു.) ഏതെങ്കിലും മത്സരങ്ങളില്‍ പങ്കെടുത്താല്‍ ഫ്രീ attendance കിട്ടുമത്രേ. അഞ്ജുവിന് ആണെങ്കില്‍് ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുകയും വേണം. പിന്നെ ഒന്നും ആലോചിച്ചില്ല, ഞാനും കൊടുത്തു പേര്. അങ്ങനെ ഞങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തു. എനിക്ക് സമ്മാനം കിട്ടി, അതൊരു ഷോക്കിംഗ് ന്യൂസ് ആയിരുന്നു.പിന്നെ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

in കേസ് ഇനി എന്തെങ്കിലും എഴുതിയാല്‍ തന്നെ ആകെ കാണിക്കുന്നത് എന്റെ ബാല്യ കാല സഖിയായ സിനിയെ മാത്രം. നല്ല ക്ഷമയുള്ള കൂട്ടത്തിലായിരുന്നു സിനി. നിവൃത്തിയുണ്ടെങ്കില്‍ കാര്യമായി പ്രതികരിക്കില്ല. സിനിയാണ് എന്റെ innovative ideasന്റെ മൂക സാക്ഷി. യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ തോന്നിയ ഒരു idea ആണ് വെളിച്ചെണ്ണ ഉണ്ടാക്കുവാന്‍ വേണ്ടി തേങ്ങ വെട്ടുന്നവരുടെ അടുത്ത് നിന്ന് തേങ്ങ വെള്ളം കളക്റ്റ് ചെയ്തു preservatives ചേര്‍ത്ത് packet ഇല്‍ അല്ലെങ്കില്‍ കുപ്പികളില്‍ വില്‍ക്കുക എന്നത്. അന്ന് എന്റെ ആശയം സിനിയെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. പിന്നീട് ഇളനീരോ തെങ്ങവെള്ളമോ മറ്റോ ഒരു brand name ഇല്‍ കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. അതില്‍ പിന്നെ എന്റെ നൂതന ആശയങ്ങളെ സിനി കളിയാക്കിയിട്ടില്ല.

പിന്നീട് മൂന്നു വര്‍ഷം എനിക്ക് എഴുത്തിന്റെ 'അസ്ക്യതകളും' കാര്യമായി ഉണ്ടായിരുന്നില്ല. ആര്‍ട്സ് ഫെസ്റ്റിവല്‍ സമയത്ത് പെട്ടെന്നൊരു ഉള്‍വിളി ആയിരുന്നു. പക്ഷെ അപ്പോഴേക്കും മത്സരാര്‍ത്ഥികളുടെ പേര് കൊടുക്കേണ്ട സമയം കഴിഞ്ഞിരുന്നു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഞങ്ങളുടെ കൂട്ടുകാരന്‍ തേജു ആയിരുന്നു. എങ്ങനെയോ അവന്‍ എന്റെ പേര് ചേര്‍ത്തു. ഉടന്‍ തന്നെ എന്റെ 'സാഹിത്യ' ജീവിതത്തിലെ അടുത്ത ഷോക്ക് ഉണ്ടായി.സമ്മാനാര്‍ഹരുടെ പേര് അനൌണ്‍സ് ചെയ്യുമ്പോള്‍ അതിലൊരു അമ്പിളി വേണുഗോപാല്‍. economics ഇലെ അരുണ്‍ ആണ് അനൌണ്‍സ് ചെയ്തത് എന്നാണു ഓര്‍മ. {നിറം സിനിമയിലെ "പ്രായം നമ്മില്‍" എന്ന പാട്ടിന്റെ സെറ്റ് പോലെയാണ് ഞങ്ങളുടെ കോളേജ് ഓഡിറ്റോറിയം. പക്ഷെ ക്രമസമാധാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ മുകളില്‍ ബാല്കണിയിലും ആണ്‍കുട്ടികളെ താഴെയും ആണ് ഇരുത്താറ്. പേര് അനൌണ്‍സ് ചെയ്തതും എന്റെ പീക്കിരി (പ്രീ ഡിഗ്രിക്ക് പഠിക്കുന്ന) കൂട്ടുകാര്‍ മുകളിലേക്ക് നോക്കി. 'അയ്യേ അത് ഞാനല്ല" എന്ന് ഞാന്‍ പറയുകയും ചെയ്തു.ഞങ്ങളുടെ ക്ലാസ്സില്‍ അഞ്ജലി വേണുഗോപാല്‍ എന്നൊരു കുട്ടി ഉണ്ട്. comparer ക്ക് പേര് മാറി പോയതാണ് എന്ന് തന്നെ ഞാന്‍ കരുതി. പുള്ളി അപ്പോള്‍ തന്നെ തിരുത്തി വായിക്കുകയും ചെയ്തു. "സോറി അമ്പിളി വേണുഗോപാല്‍ അല്ല അമ്പിളി. പി. മണി ആണ് എന്ന്. ആരൊക്കെയോ അഭിനന്ദിച്ചു. പക്ഷെ എന്തോ എനിക്കതൊരു വല്ലാത്ത embarassing moment ആയിരുന്നു. മലയാളം ചെറു കഥയ്ക്ക് ഒന്നാം സമ്മാനവും ഇംഗ്ലീഷ് കവിതയ്ക്ക് മൂന്നാം സമ്മാനവും. അന്നൊക്കെ ഞാന്‍ assignment എഴുതുന്ന എസ്സേ പോലും ആരെങ്കിലും കാണുന്നത് എനിക്ക് ഭയങ്കര ചമ്മലായിരുന്നു. ഫയലില്‍ കുത്തിക്കുറിച്ചു വച്ചിരുന്നതെന്തോ എടുത്തു വായിച്ചതിനു എന്റെ ക്ലാസ് മേറ്റ്‌ ആയ പ്രസൂന എന്നൊരു കുട്ടിയെ ഞാന്‍ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
രണ്ടായിരത്തിന് ശേഷം ഞാന്‍ പ്രസൂനയെ കണ്ടിട്ടില്ല, ആ പറയാതെ പോയ "സോറി" എന്നെ വല്ലാതെ വിഷമിപ്പിക്കുന്നും ഉണ്ട്. ഒന്നാം സമ്മാനം കിട്ടുന്ന കഥ കോളേജ് മാഗസിനില്‍ ഇടുന്ന ഒരു പതിവ് അന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കി കിട്ടാന്‍ വേണ്ടി ഞാന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി ടിറ്റോ K പോളിന്റെ പുറകെ കുറെ നടന്നു. പക്ഷെ സാധിച്ചില്ല. അങ്ങനെ എന്റെ "ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി" യെ നാലാള് കണ്ടു. ഭാഗ്യത്തിന് അപ്പോഴേക്കും ഞാന്‍ കോളേജ് അല്ല കേരളമേ വിട്ടിരുന്നു.

കഥയ്ക്ക് അവര്‍ തന്ന ടോപ്പിക്ക് ആയിരുന്നു "ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി". എന്തൊക്കെയോ എഴുതി. പക്ഷെ ആംഗലേയ കവിതയായിരുന്നു 'താരം'. വിഷയം "Kerala – God's own county”. Heading എഴുതിവെച്ചിട്ട് അന്തം വിട്ടിരുന്നു. എന്തെങ്കിലും എഴുതാതെ എങ്ങനെ ഹാളില്‍ നിന്ന് വെളിയില്‍ ഇറങ്ങി വരും ?
മനസ്സ് മുന്നിലിരുന്ന paper നേക്കാള്‍ ബ്ലാങ്ക്. Topic അങ്ങനെത്തന്നെ vertical ആയി എഴുതി. എന്നിട്ട് ഓരോരോ അക്ഷരത്തിനും വരിയുണ്ടാക്കി. For eg :
Kasargode to Trivandrum,
Each and every nook so nice.
R
A
L
A

Ya, its God's own country! എന്ന് അവസാനിപ്പിച്ചു.
ഇതിനൊക്കെ സമ്മാനം കൊടുക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയണമല്ലോ ബാക്കിയുള്ളതൊക്കെ എങ്ങനെയായിരുന്നു കാണുമെന്ന്‌.

പിന്നീട് വല്ലതുമൊക്കെ കുത്തി കുറിക്കുമായിരുന്നു. അതെല്ലാം പാടെ നിര്‍ത്താന്‍ കാരണം, എന്റെ ആദ്യ ഭര്‍ത്താവ്. ആള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ലെങ്കിലും, അറിയാവുന്നവരെ കൊണ്ട് വായിപ്പിച്ചിട്ടു, പിന്നീട് ഒരു അവസരം ഒത്തു വരുമ്പോള്‍ ബഹളം വയ്ക്കുമായിരുന്നു. അങ്ങനെ അക്ഷരങ്ങളോട് ചെറിയ തോതില്‍ ഒരു അകല്‍ച്ച തോന്നാന്‍ തുടങ്ങി. പിന്നീടൊരു ദിവസം, "ഇന്ന് ഞാന്‍ ഓഫീസില്‍ നിന്ന് വരുന്നതിനുള്ളില്‍ ഒരു കഥ എഴുതണം " എന്ന് പറഞ്ഞു - അതോടെ ഞാന്‍ കുത്തി കുറിക്കല്‍ അങ്ങ് നിര്‍ത്തി.

വീണ്ടും എഴുതാന്‍ തോന്നുവാനുള്ള കാരണം പഴയ സിനിയാണ്. 2008 July 20 നു നിലമ്പൂര് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ സിനിയുടെ വീട്ടില്‍ പോയി (നിലംബൂരാണ് സിനിയുടെ ഭര്‍ത്താവിന്റെ വീട്) അപ്പോള്‍ സിനി പറഞ്ഞു എന്റെ മണ്ടത്തരങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന്. ഉടനെ തന്നെ തിരുപുര്‍ വന്നു ഒരു ബ്ലോഗ് തുടങ്ങി. കൂടെപ്പിറപ്പായ മടിയും സിനിയുടെ അഭാവവും എന്നെ പിന്തിരിപ്പിച്ചു, ഇപ്പോള്‍ എന്റെ ഓര്‍ക്കുട്ട് ഫ്രണ്ട് ശരത്തിന്റെ പിന്തുണയോടെ ഞാന്‍ വീണ്ടും ഉപദ്രവം തുടങ്ങുന്നു. നമസ്കാരം!

Monday, February 23, 2009

ബ്ലോഗ്

എന്താണ് ബ്ലോഗ് ? എന്തിനാണ് ബ്ലോഗ് ?
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് ഉത്തരം നല്‍കാനാവില്ല. അറിയില്ല എന്നതാണ് സത്യം. ഞാന്‍ എന്തിനാണ് ബ്ലോഗ് തുടങ്ങിയിരിക്കുന്നത് എന്ന് വേണമെങ്ങില്‍ പറയാം. ചുമ്മാ, ഒരു രസത്തിനു. പണ്ടു കുത്തിക്കുറിച്ചു കീറി കളഞ്ഞിരുന്ന പേപ്പര്‍ പോലെയേ ഞാന്‍ ഈ ബ്ലോഗിനെ കാണുന്നുള്ളൂ. പിന്നെ വ്യത്യാസം എന്താണെന്ന് വച്ചാല്‍ കുതിക്കുരിച്ചിരുന്ന പേപ്പര്‍ ആരെങ്കിലും ഒന്നു വായിച്ചാല്‍ ബഹളം വച്ചു scene create ചെയ്യാറുണ്ടായിരുന്നു. ആ സ്വഭാവം ഉപേക്ഷിച്ചു.(അതില്‍ കീറി കളയാത്ത അപൂര്‍വ്വം ചില കടലാസുകളും പുസ്തകങ്ങളും മറ്റും കാണുമ്പോള്‍ പഴയ കാലവും രസങ്ങളും കണ്‍ മുന്നില്‍ തെളിയുന്നു )

വിനെഗര്‍ : പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു preservative ആണ്. കഴിഞ്ഞു പോയ നല്ലതും ചീത്തയും ആയ സംഭവങ്ങളെ അഴുകി പോകാതെ സൂക്ഷിച്ചു വെക്കാന്‍. ചീത്ത കാര്യങ്ങള്‍ എന്തിനാണ് സൂക്ഷിക്കുന്നത് ? ചുമ്മാ ഒരു രസത്തിനു :) നാളുകള്‍ കഴിയുമ്പോള്‍ പണ്ടു നമ്മളെ വിഷമിപ്പിച്ച കാര്യങ്ങള്‍ പോലും നമ്മെ ചിരിപ്പിക്കാരുണ്ടല്ലോ ചിലപ്പോള്‍, അത് കൊണ്ടു എല്ലാം പ്രിസെര്‍വ്‌ ചെയ്തു വെക്കാം. പിന്നെ,പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത് പോലെ ഞാനൊരു തന്നിഷ്ടക്കാരിയും താന്തോന്നിയും ആയതു കൊണ്ടു,At times,if you find a pinch of arrogance in my voice, ഒരുപാടു ഗൌരവത്തോടെ എടുക്കാതിരുന്നാല്‍ നന്ന്.