Sunday, March 8, 2009

ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി

സന്ധ്യക്ക്‌ പകലിനോടുള്ള ഇഷ്ടക്കുറവിന്റെ കാരണം ആദ്യം എനിക്കറിയില്ലായിരുന്നു, എന്നല്ല എനിക്ക് മനസ്സിലായിരുന്നില്ല. ഉണര്‍്നനാലവള്‍ കണി കണ്ടിരുന്നത്‌ ഘടികാരമായിരുന്നു. ഒരു പക്ഷെ ദിവസത്തില്‍ 'സമയം നോക്കുക' എന്നതായിരിക്കും അവള്‍ ഏറ്റവും കൂടുതല്‍ ചെയ്തിരുന്ന പ്രവൃത്തി. അവള്‍ക്കങ്ങനെ സമയത്തിന് തീര്‍ക്കുവാന്‍ തക്ക അത്യാവശ്യ ജോലികള്‍ ഒന്നും ഉള്ളതായി എനിക്കറിയില്ല. വിരസമായ നെടുവീര്‍പ്പുകളോടെ മറ്റുള്ളവരുടെ രസങ്ങളും അവള്‍ കൊന്നിരുന്നു.

ക്ലാസ്സില്‍ watch നോക്കി കണ്ണ് മിഴിച്ചു ഇരിക്കുന്നതിനു വഴക്കുകള്‍ ഏറെ കേട്ടിരിക്കുന്നു. സത്യത്തില്‍ ഇതെന്തൊരു ജന്മം എന്നാലോചിച്ചു പോയി. അല്ല ഇപ്പോഴും എനിക്കങ്ങു പിടി കിട്ടിയിട്ടില്ല. ആ മൌനം അത്ര വാചാലമായി തോന്നിയിട്ടുമില്ല. 'ചന്ദ്രികാചര്‍്ച്ചിത' രാത്രികളില്‍ പുറത്തേക്കു നോക്കുമ്പോള്‍ മാത്രമാണ് അവള്‍ ചിരിച്ചു കണ്ടിരിക്കുന്നത്, എന്താവും ആ മനസ്സില്‍ ?

അവളുടെ മുറിയിലേക്ക് എന്നെ മാറ്റിയപ്പോള്‍ അറിയാതെ വാര്‍ഡനെ പ്രാകിപ്പോയി. ആകെയുള്ള ജീവിതം ഒരു അവാര്‍ഡ് പടമാക്കാന്‍ എനിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. അവധി ദിവസങ്ങളില്‍ ആണെങ്കില്‍് അവളുടെ ശല്യം തീരെയില്ല. പകല്‍ മുഴുവനെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയുന്നോ എന്തോ ? ആരോടും മിണ്ടാതെ തന്റെ സാന്നിധ്യം പോലും അറിയിക്കാതെയുള്ള ഈ നടപ്പിലെന്തോ 'ഒരിത്' തോന്നിയത് സന്ധ്യയുടെ ഫയല്‍ ചെയ്ത കവിതകള്‍ കണ്ടപ്പോഴാണ്. എന്തെന്തു തലക്കെട്ടുകള്‍ - 'നിലാവിന്റെ കാമുകി' 'വെളിച്ചത്തിന്റെ ചീളുകള്‍' എന്തോ എനിക്കാകെ ഒരു ദിക്ക് മുട്ടിപോയ പ്രതീതി. അവളറിയാതെ എടുത്തു നോക്കിയതിനാല്‍ ചോദിക്കാനും വയ്യ.

അവധി ദിവസങ്ങളില്‍ വൈകുന്നേരം ആറു ആറര മണിക്കെങ്ങാനും ഉണര്‍ന്നിരിക്കും. അല്ലാത്ത ദിവസങ്ങളിലും ഏതാണ്ട് ഈ നേരം ആകുമ്പോഴേകും ജനലിന്നരുകില്‍ സ്ഥാനം പിടിക്കും. മൂന്നാമത്തെ നിലയില്‍ ആയതു കൊണ്ട് പുഴക്കരയില്‍ ഉള്ളവരെ തിരിച്ചറിയാന്‍ കൂടി വയ്യ. അല്ലെങ്കിലും മുകളിലേക്ക് നോക്കിയാല്‍ ആരെ കാണാന്‍ ? എന്തായാലും രഹസ്യം കണ്ടു പിടിക്കുക തന്നെ.

ഞാനും തുടങ്ങി നൈറ്റ് ഷിഫ്റ്റ്. ഇതെന്തൊരു മറിമായം. ആ പെണ്‍കുട്ടി തന്നെയാണോ ഇത്! വല്ലാതെ സംസാരിക്കുന്നു എന്നല്ല, അക്ഷരാര്‍ത്ഥത്തില്‍ എന്നെ ബോറടിപ്പിക്കുന്നു. ചന്ദ്രികാ വര്‍ണനയാണധികവും. ബാക്കി ശാസ്ത്രിയ വിശകലനങ്ങളും. അവിടെ കല്ലും മണ്ണും മാത്രമേ ഉള്ളെന്നു ആദ്യം കണ്ടു പിടിച്ചത് വയലാര്‍ രാമവര്‍്മ്മയാണത്രേ. അതിനു തെളിവായി ജാംബവാന്റെ കാലത്തെ ഒരു സിനിമ പാട്ടും പാടി. എന്താണെന്ന് എനിക്കൊരു പിടിയുമില്ല. ഓര്‍ക്കാന്‍ മാത്രം രസമുള്ള വരികളല്ല. അത് കൊണ്ടാവും, ഞാനത് മറന്നു പോയി. അത് കേട്ടുകൊണ്ടിരുന്നപ്പോള്‍് ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരും എന്നായിരുന്നു സത്യത്തിലെന്റെ മനസ്സില്‍.

ഈശ്വരാ... ഇതിപ്പോ വല്ലാത്ത കുരിശായല്ലോ. എന്നെയും രാത്രി ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇങ്ങനെ ഉറങ്ങാതെ രാത്രി മുഴുവന്‍ ആകാശത്തേക്ക് നോക്കിയിരുന്നാല്‍ മിക്കവാറും എനിക്കും പകരും ഇവളുടെ ഭ്രാന്ത്. ഇവളെ തഞ്ചത്തില്‍ ഡോക്ടര്‍ നമ്പൂതിരിയുടെ അടുത്തൊന്നു കൊണ്ട് പോയാലോ. അവള്‍ക്കു ആരാണാവോ സന്ധ്യ എന്ന് പേരിട്ടത്. സന്ധ്യ ആകുമ്പോഴാണ് പുറത്തേക്കു നോക്കല്‍ യജ്ഞം തുടങ്ങുന്നത്.

എന്നാലും ഡോക്ടറുടെ അടുത്തേക്ക് പോകാന്‍ മടിയൊന്നും കാണിക്കാതിരുന്നപ്പോള്‍ സത്യത്തില്‍ അതിശയം തോന്നി. തനിക്കു എന്തോ പന്തികേട്‌ ഉണ്ടെന്നു അപ്പോളവള്‍ക്കും തോന്നലുണ്ട്‌. അതെന്തായാലും നന്നായി.

പക്ഷെ ഡോക്ടറുടെ അഭിപ്രായത്തില്‍ കുഴപ്പമില്ലെന്ന് വന്നപ്പോള്‍ ... ഇനി എനിക്കാണോ കുഴപ്പം. ഒരു പ്രശ്നവും ഇല്ലാത്തവളെ ആശുപത്രിയില്‍ കൊണ്ടുചെന്നു എന്നാരോപിച്ച് വഴക്ക് കേട്ടത് ഞാനും. പിന്നീട് വഴിയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചിരുന്നു, 'ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടിയെ' പറ്റി. അവള്‍ക്കു കൊടുത്ത പേര് ഏതായാലും കൊള്ളാം, 'ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി' - ചന്ദ്രനെ മാത്രം സ്നേഹിച്ച പെണ്‍കുട്ടി എന്നായിരുന്നു അല്പം കൂടി ചേര്‍ച്ച. അതെന്താണാവോ സ്നേഹിച്ച പെണ്‍കുട്ടി ? അവള്‍ ഇപ്പോള്‍ സ്നേഹിക്കുന്നില്ലേ ? ആവോ എനിക്കതും പിടി കിട്ടുന്നില്ല. അല്ലെങ്കിലും അവളുടെ ഒരു കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നില്ലല്ലോ!!!

2 comments:

  1. നന്നായിരിക്കുന്നു... വാക്കുകളില്‍ അല്പം കൂടി സാഹിത്യം നിറയ്ക്കാന്‍ നോക്കണേ..!
    മഴയെ സ്നേഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ അറിയാം..ഇത് ആദ്യം...!
    ഇനിയും എഴുതൂ...ആശംസകള്‍..!

    ReplyDelete
  2. കമെന്റില്‍ ഒതുങ്ങുന്നതല്ല ഇതിനു പിന്നിലുള്ള ഓര്‍മ്മകള്‍
    അതിനാല്‍ അത് മറ്റൊരു രൂപത്തില്‍ എന്നെന്കിലും എവിടെയെന്കിലും പ്രതീക്ഷിക്കാം

    ReplyDelete