Wednesday, April 29, 2009

ജന്മദിനം

നവംബര്‍ ഒന്ന് : കാലത്ത് എഴുന്നേറ്റ ഉടനെ പല്ല് പോലും തേക്കാതെ രാംകിക്ക് [രാമകൃഷ്ണന്‍] ഫോണ്‍ ചെയ്തു “Happy birthday” പറഞ്ഞു. അത്ര ഉത്സാഹമില്ലാത്ത സ്വരത്തില്‍ അവന്‍ നന്ദിയും പറഞ്ഞു. പൊതുവേ ഉന്മേഷരഹിതന്‍ ആയതു കൊണ്ട് ഞാനത് അത്ര കാര്യമായി എടുത്തില്ല. ഞങ്ങളുടെ ഓഫീസിലെ ഏറ്റവും inactive ആയ വ്യക്തി ആണ് രാംകി. കുളിച്ചു തയ്യാറായി വന്നപ്പോഴേക്കും calling bell മുഴങ്ങി. അതാരാണെന്നു എനിക്ക് വ്യക്തമായി അറിയാം, മൃദുല. എന്നും ഞാന്‍ ready ആകുന്നതിനു മുന്‍പേ വന്നു നില്‍ക്കും, എന്റെ സഹപ്രവര്‍ത്തകയും ഓഫീസില്‍ എന്നെ ചേച്ചി എന്ന് വിളിക്കുകയും ചെയ്യുന്ന ഒരേ ഒരാള്‍. ബാക്കി എല്ലാവരും, എന്നെക്കാള്‍ മൂത്തവര്‍ അടക്കം എല്ലാവരും 'ആന്റി' എന്നാണു വിളിക്കാറ്. മൃദുലയോട് ഞാന്‍ പറഞ്ഞു " നീല്‍ഗിരീസില്‍ പോയി കേക്ക് വാങ്ങണം, ഇന്ന് നമ്മുടെ രാംകിയുടെ പിറന്നാളാണ്. " എന്നെ നോക്കി ഒരു പരിഹാസചിരിയോടെ പറഞ്ഞു "ചേച്ചി നാളെയാണ് അവന്റെ birthday.”


ഒരു പക്ഷെ എനിക്ക് തെറ്റിയതാകും, പക്ഷെ ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു അവന്റെ കഴിഞ്ഞ പിറന്നാള്‍. കേരള പിറവി ആയതു കൊണ്ട് വളരെ കഷ്ടപ്പെട്ടാണ്‌ സെറ്റ് മുണ്ടുടുത്ത് കേക്കുമായി ഓഫീസില്‍ എത്തിയത്.[എന്റെ സെറ്റ് മുണ്ടുകള്‍ക്ക് ജീവിതം കിട്ടുന്നത് ആകെ വര്‍ഷത്തില്‍ രണ്ടു ദിവസമാണ്‌ - ചിങ്ങം ഒന്നിനും (അത് മിക്കവാറും മറക്കും ) നവംബര്‍ ഒന്നിനും ] തന്നെയുമല്ല അവന്റെ പിറന്നാള്‍ കൃത്യമായി ഓര്‍മിച്ചത്‌ തന്നെ അത് കേരള പിറവി ദിനത്തില്‍ ആയതു കൊണ്ടാണ്. ഓഫീസിലെ എല്ലാവരുടെയും പിറന്നാള്‍ മൃദുല മൊബൈലില്‍ സേവ് ചെയ്തിട്ടുണ്ട്, അവളതു എടുത്തു കാണിച്ചു. Recently എല്ലാവരോടും ചോദിച്ചു update ചെയ്തതാണെന്നും പറഞ്ഞു, അത് കൊണ്ട് തര്‍ക്കിക്കാന്‍ പോയില്ല. പക്ഷെ എനിക്ക് ഉറപ്പാണ്, ഒരിക്കല്‍ ഒരു ഒഫീഷ്യല്‍ പാര്‍ട്ടിയില്‍ അവന്‍ മദ്യപിച്ചു പുലമ്പിയത് "കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കില്‍ എന്റെ പിറന്നാള്‍ ആരും ഓര്‍ക്കാറില്ല ആന്റി " [അവനു ഒരു ഗ്ലാസ്‌ ബിയര്‍ കൊടുത്താല്‍ മതി - പുലമ്പിക്കോളും]

ആ ഒരൊറ്റ വാചകമാണ് അവന്റെ പിറന്നാള്‍ കൃത്യമായി ഓര്‍ത്തു വച്ച് കേക്ക് വാങ്ങി പോകാനുള്ള കാരണവും. തര്‍ക്കിക്കുവാന്‍ താത്പര്യം ഇല്ലെങ്കിലും അവനെ വിളിച്ചു വിഷ് ചെയ്തപ്പോള്‍ അല്ലെങ്കില്‍ അവന്‍ പറയില്ലായിരുന്നോ എന്നൊരു ചോദ്യം ചോദിക്കുവാതിരിക്കാന്‍ സാധിച്ചില്ല. അവനെ പറ്റി പറഞ്ഞാലേ മൃദുലക്ക് irritation ആണ്. അവളുടെ കണ്ണില്‍ (ഓഫീസിലെ ഒരു മാതിരി എല്ലാവരുടെയും കണ്ണിലും ) അവന്‍ സൈക്കോ ആണ്. അവനെ കുറച്ചു അടുത്ത് അറിയാവുന്നത് കൊണ്ട് എനിക്കങ്ങനെ തോന്നാറില്ല. ഒന്നൊന്നര മാസം മുന്‍പ് ഞങ്ങളുടെ സീനിയര്‍ മാനേജര്‍ എന്നോട് ചോദിച്ചു " രാംകിക്ക് ഒരല്പം വട്ടില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു - അതവന്‍ തന്നെ clear ചെയ്തു തന്നു. കഴിഞ്ഞ ദിവസം അവന്‍ വന്നു പറയുകയാണ്‌ " സര്‍ അന്ന് വണ്ടി മറിഞ്ഞപ്പോള്‍ എനിക്ക് തലക്ക് ചെറുതായി അടിയേറ്റിരുന്നു, ഇപ്പോള്‍ മരുന്ന് കഴിക്കുന്നുണ്ട്. ഉടനെ തന്നെ എനിക്ക് ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയും, ഇനി പഴയത് പോലുള്ള തെറ്റുകള്‍ വരാതെ ജോലി ചെയ്യാന്‍ കഴിയും' എന്ന് അവനോടു ഞാനെന്തു പറയാന്‍ ?" ഇതിനു ഞാന്‍ അങ്ങേരോട് മറുപടി ഒന്നും പറഞ്ഞില്ല - ഞാനാണ് അവനോടു ഒരു നല്ല സൈക്യാട്രിസ്ടിനെ consult ചെയ്യാന്‍ പറഞ്ഞത്. [അവന്റെ വീട്ടില്‍ നിന്നും എല്ലാവരും ചേര്‍ന്ന് തിരുപ്പതിക്ക് പോയിട്ട് വരുന്ന വഴിക്ക് വണ്ടി മറിഞ്ഞു. ആര്‍ക്കും സീരിയസ് പരിക്കുകള്‍ ഒന്നും ഇല്ലായിരുന്നു, എങ്കിലും ചെറിയ പോറലും മുറിവുകളും മറ്റും ഉണ്ടായിരുന്നു. രാംക്കിക്ക് ഒരു ചെറിയ പരിക്ക് പോലും ഇല്ല. അന്ന് മുതല്‍ ഇവനൊരു തല വേദന. Multi speciality ഹോസ്പിറ്റലില്‍ പോയി check up നടത്തിയിട്ടും തല വേദന കൂടെ കൂടെ വരുന്നു എന്ന് പറഞ്ഞപ്പോഴാണ് അവനോടു ഒരു മനോരോഗ വിഗഗ്ദ്ധനെ കാണാന്‍ പറഞ്ഞത്. ഡോക്ടര്‍ എന്ത് പറഞ്ഞോ എന്തോ, എന്തായാലും മരുന്ന് കഴിച്ചു തുടങ്ങിയതും അവന്റെ തലവേദന മാറി.]

രാംക്കിക്ക് പല തരത്തിലുള്ള complexകള്‍ ഉണ്ട് . ഏറ്റവും ഇളയ ചേട്ടനേക്കാള്‍ 12 വയസ്സിന്റെ ഇളപ്പം ഉണ്ട് അവനു. അത് കൊണ്ട് തന്നെ വീട്ടില്‍ എല്ലാവരും ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് ഇപ്പോഴും പെരുമാറുന്നത്. അവനു വേണ്ടതെല്ലാം വീട്ടില്‍ നിന്ന് വാങ്ങി കൊടുക്കും, വസ്ത്രങ്ങള്‍ അടക്കം. അത് തിരഞ്ഞെടുക്കുന്നതും വീട്ടിലുള്ള ആരെങ്കിലുമായിരിക്കും. ഇഷ്ടപ്പെട്ടതൊന്നും ഒരിക്കലും കിട്ടാറില്ല എന്നൊരു തോന്നല്‍ അവനു ശക്തമായി ഉണ്ട്. വീട്ടില്‍ അവന്‍ വളരെ സൈലന്റ് ആണെന്ന് അവന്റെ ഇളയ ചേട്ടത്തിയമ്മ ഒരിക്കല്‍ ഓഫീസില്‍ വന്നപ്പോള്‍ പറയുകയുണ്ടായി. "എന്താ രാംകി ഇങ്ങനെ, വീട്ടിലെങ്കിലും നന്നായി സംസാരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന് അവനെ തനിച്ചു കിട്ടിയപ്പോള്‍ പറഞ്ഞു. " ആന്റിക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല, ഞാന്‍ എന്ത് പറഞ്ഞാലും അവര്‍ക്ക് തമാശയാണ്, ഒരു ഡസന്‍ വര്‍ഷങ്ങളുടെ എക്സ്ട്രാ പക്വത അവര്‍ ആവശ്യപ്പെടുന്നതുപോലെ തോന്നുന്നു". ആ ഉത്തരം എന്നെ വല്ലാതെ വേദനിപ്പിച്ചു, പാവം തോന്നി!

ഇതിനിടക്ക്‌ ഓഫീസില്‍ ഒരു ഗുജറാത്തി പെണ്ണ് ജോയിന്‍ ചെയ്തു - chatter box - ദക്ഷ. ദക്ഷയും രാംകിയും വളരെ പെട്ടെന്ന് ഒരുപാട് അടുത്തത് പോലെ തോന്നി. ആ കുട്ടിയുടെ സ്വഭാവപ്രകൃതി കണ്ടപ്പോള്‍ അവള്‍ എല്ലാവരോട് പെട്ടെന്നടുക്കുന്ന ടൈപ്പ് ആയി തോന്നി. രാംകിയെ തനിച്ചു കിട്ടിയപ്പോള്‍ പറയുകയും ചെയ്തു. "വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട " - അവന്‍ പറഞ്ഞു "ആന്റിക്ക് അറിയാഞ്ഞിട്ടാണ്‌, ഞാനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല, അത്രക്കിഷ്ടാണ് എന്നോട്" എന്നാരു പറഞ്ഞു ? അവള്‍ നിന്നോട് പറഞ്ഞോ എന്ന് ചോദിച്ചതിനു നാണത്തില്‍ കലര്‍ന്ന ഒരുത്തരവും കിട്ടി " ഈ ആന്റിയുടെ ഒരു കാര്യം, ഇതൊക്കെ ആരെങ്കിലും പറയണോ ?"

അങ്ങനെയിരിക്കുമ്പോള്‍ ദക്ഷക്ക് കുറച്ചു കൂടെ നല്ല ജോലി കിട്ടി. അവള്‍ പോയി. സൊതവെ മെലിഞ്ഞ രാംകിയുടെ കണ്ണിനു താഴെ കറുപ്പ് കൂടി. അവനു ഉറക്കവും ഭക്ഷണവും ഒന്നും ശരിയാകുന്നില്ലെന്നു തോന്നി. ചോദിച്ചപ്പോള്‍ പറഞ്ഞു "ഒരു പറ്റ് പറ്റി ആന്റി, വീട്ടില്‍ കല്യാണാലോചന തുടങ്ങിയപ്പോള്‍ ഞാന്‍ ദക്ഷയുടെ കാര്യം പറഞ്ഞു". " എന്നിട്ട് ?" "എന്നിട്ടെന്താ, അവരെല്ലാവരും ആദ്യം ഇതൊന്നും ശരിയാവില്ല, രണ്ടു സംസ്കാരം, രണ്ടു രീതികള്‍ എന്നെല്ലാം പറഞ്ഞെങ്കിലും അവസാനം അവര്‍ സമ്മതിച്ചു" സന്തോഷം തോന്നി - ഇതെങ്കിലും അവന്റെ ഇഷ്ടത്തിന് നടക്കുമല്ലോ. "പിന്നെ എന്താ പ്രശ്നം ? " ഞാന്‍ ചോദിച്ചു "അവള്‍ സമ്മതിക്കുന്നില്ലാന്റി " "അവളോട്‌ ചോദിക്കാതെയാണോ നീ വീട്ടില്‍ പറഞ്ഞത് ?" എനിക്ക് വല്ലാതെ അതിശയം തോന്നി. "പറ്റിപ്പോയി, അവള്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ കരുതിയില്ല. ഇപ്പോള്‍ ആകെ പ്രശ്നമായി, വീട്ടില്‍ തിരക്കിട്ട് പെണ്ണ് അന്വേഷിക്കുന്നു "അവനോടു എന്ത് പറയാന്‍, വീട്ടില്‍ കുറച്ചു കൂടി സാവകാശം ചോദിക്കാന്‍ പറഞ്ഞു.

പെട്ടെന്ന് രാംകി രണ്ടു ദിവസം വന്നില്ല. ഫോണും പരിധിക്ക് പുറത്തു, അവന്റെ റൂം മേറ്റ്‌ പറഞ്ഞു പെണ്ണ് കാണാന്‍ പോയിരിക്കുകയാണെന്ന്. അടുത്ത തിങ്കളാഴ്ച കുഴിയിലാണ്ട കണ്ണുകളോടെ അവന്‍ വന്നു. കഴുത്തില്‍ മാല, കയ്യില്‍ മോതിരങ്ങള്‍ "എന്ത് പറ്റിയെടാ ?" എന്ന് ചോദിച്ചതിനു അവന്‍ പറഞ്ഞു "ഡിഗ്രിക്ക് economics എടുക്കാന്‍ പറഞ്ഞു എടുത്തു, ചെയ്യാന്‍ പറഞ്ഞു, ചെയ്തു, H.D.F.C യില്‍ മാര്‍ക്കറ്റിംഗ് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു, ചെയ്തു, രാജി വെച്ച് ഈ കമ്പനിയില്‍ ചേരാന്‍ പറഞ്ഞു ചേര്‍ന്നു". എനിക്കൊന്നും മനസ്സിലായില്ല. "പെണ്ണിനെ ഒക്കെ അവര്‍ നേരത്തെ കണ്ടിരുന്നു ആന്റി, അവിടെ ചെന്നു, മോതിരം ഇടാന്‍ പറഞ്ഞു , ഇട്ടു - ഇന്നലെ എന്റെ കല്യാണ നിശ്ചയം കഴിഞ്ഞു." എനിക്കാകെ വെപ്രാളമായി. ഇന്നത്തെ കാലത്ത് ചെറുക്കനെ കാണാതെ എന്തെങ്കിലും പെങ്കൊച്ച്‌ കല്യാണത്തിന് സമ്മതിക്കുമോടാ ?" ഓ! ഒരു പട്ടിക്കാട്. പെണ്ണ് ആണെങ്ങില്‍ 10th failed. അതിനെയും ചിലപ്പോള്‍ ഇങ്ങനെ പറ്റിച്ചതാകും." വല്ലാത്ത അസ്വസ്ഥത തോന്നി.

"ഹലോ, ഓഫീസ് എത്തി, ഇറങ്ങുന്നില്ലേ ?" മൃദുല ചോദിച്ചു. വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി,സെറ്റ് മുണ്ടിന്റെ തുമ്പ് എടുത്തു കുത്തി കേക്കും താങ്ങി പിടിച്ചു മുകളില്‍ ചെന്നു രാംകിയോടു ചോദിച്ചു "സത്യം പറ, ഇന്നല്ലേ നിന്റെ പിറന്നാള് ? എന്നെ പറ്റിക്കാന്‍ നോക്കണ്ട, ട്രീറ്റ്‌ വെക്കാന്‍ കാശില്ലെങ്കില്‍ നമുക്ക് അറേഞ്ച് ചെയ്യാം." അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു "എനിക്കറിയാം ആന്റി ആര് മറന്നാലും നിങ്ങള് മറക്കില്ലാന്നു - അവരെന്റെ പിറന്നാളും മാറ്റി."
ഞാനവനെ അന്തംവിട്ടു നോക്കി. "ജാതകം ചേരില്ലയിരുന്നു ആന്റി, ഏട്ടന്മാര്‍ അതങ്ങ് adjust ചെയ്തു!!"

8 comments:

 1. എത്ര മനോഹരമായ കഥയാണിത്..! ആരും വായിച്ചില്ലെന്നത് അത്ഭുതമായിരിക്കുന്നു... പാവം രാംകി.
  കഥയുടെ കുറേ ഭാഗങ്ങൾ‌ ആവർത്തിച്ചിരിക്കുന്നുവല്ലോ. ഇം‌ഗ്ലീഷിലുള്ള വാക്കുകൾ അങ്ങനെ തന്നെ മലയാളത്തിൽ ടൈപ്പ് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നുന്നു.
  അഭിനന്ദനങ്ങൾ!!

  ReplyDelete
 2. വാക്കുകള്‍ ഇല്ല അമ്പിളി ജീ.. കലക്കി...! താങ്കളില്‍ നിന്നും ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല.. സത്യം...!
  ജീവിത യാഥാര്‍ത്യത്തിന്റെ നല്ല രുചി പോസ്റ്റില്‍ ഉടനീളം ഉണ്ട്... തകര്‍ത്തു കേട്ടോ.. വേഗം വരട്ടെ അടുത്ത പോസ്റ്റ്‌...!

  ReplyDelete
 3. സത്യം...മനോഹരമായ കഥ... ഇത്തിരി വേദന.. സഹതാപം ഒക്കെ തോന്നുന്ന കഥ...

  ReplyDelete
 4. Paavam ramki...!

  Manoharamayirikkunnu... Ashamsakal...!!!

  ReplyDelete
 5. ഇത് ശരിക്കും സംഭവിച്ചതാണോ ? പാവം രാംകി

  ReplyDelete
 6. കുമാരൻ 2009 ൽ പറഞ്ഞത് പറയാൻ 2010 ൽ എനിക്കാണു യോഗം!

  ഇതൊന്നും ആരും വായിക്കാത്തെന്താണ്!

  നല്ല എഴുത്ത്.
  അഭിനന്ദനങ്ങൾ!

  (വിരൊധമില്ലെങ്കിൽ ഇത് http://www.koottam.com/ ൽ ഒന്നു പൊസ്റ്റ് ചെയ്യൂ. ആളുകൾ വായ്ക്കുന്നു എന്നുറപ്പക്കാൻ ഞാൻ തയ്യാർ!)

  ReplyDelete
 7. ഇത് എന്തോ ഒന്നല്ല..!!
  പിന്നെ എന്താണ്..അന്നുഭവം?

  ReplyDelete